തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മരിച്ചവരുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കാര്യങ്ങൾ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നും നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പരിക്കേറ്റവർക്കുള്ള ചികിത്സ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള സഹായം എന്നിവയെല്ലാം ദ്രുതഗതിയിൽ നടപ്പാക്കുന്നുണ്ട്. ഇങ്ങനെയൊരു അപകടമായതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി ഡിഎൻഎ പരിശോധന ആവശ്യമായി വരും. ഇതിന്റെ നടപടി ക്രമങ്ങളും വേഗത്തിലാക്കും,” മന്ത്രി പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യമന്ത്രിയുമടക്കമുള്ളവർ ഉന്നതതല യോഗങ്ങൾ ചേർന്നിരുന്നു. കേന്ദ്രവും കേരളവും തമ്മിൽ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.