ന്യൂഡൽഹി : പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് വാതിലുകളും ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മജ്ഹി . ആദ്യ കാബിനറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു മജ്ഹിയുടെ പ്രസ്താവന. “ഇന്ന്, മംഗള ആരതി സമയത്ത് എല്ലാ മന്ത്രി സഭാംഗങ്ങളും ക്ഷേത്രം ദർശിക്കും. ആ സമയത്ത്, നാല് വാതിലുകളും തുറക്കും “ – അദ്ദേഹം പറഞ്ഞു.
നിലവിൽ ഒരു വാതിൽ മാത്രമാണ് സാധാരണക്കാർക്കായി തുറന്നിരിക്കുന്നത്. ക്ഷേത്രത്തിന്റെ പരിപാലനത്തിനും സംരക്ഷണത്തിനുമായി 500 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കുമെന്നും മജ്ഹി അറിയിച്ചു.
എല്ലാ ക്ഷേത്രകവാടങ്ങളും തുറക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണെന്നും ഗേറ്റുകൾ അടച്ചതുമൂലം ഭക്തർ ബുദ്ധിമുട്ടിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.മുൻ സർക്കാർ കോവിഡ് പകർച്ച വ്യാധിയ്‌ക്ക് ശേഷം ക്ഷേത്രത്തിന്റെ നാല് കവാടങ്ങൾ അടച്ചിരുന്നു. ഭക്തർക്ക് ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ, എല്ലാ ഗേറ്റുകളും തുറക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രവേശന വാതിലുകളും ചില നിഗൂഢതകൾക്ക് പേരുകേട്ടതാണ്. ഈ നാല് കവാടങ്ങളെ നാല് മൃഗങ്ങൾ പ്രതിനിധീകരിക്കുന്നു.പടിഞ്ഞാറെ കവാടത്തിൽ കടുവകളുടെ വിഗ്രഹങ്ങളാണുള്ളത് . സന്യാസിമാരും മറ്റും ഈ കവാടത്തിലൂടെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.സമ്പത്തിന്റെ പ്രതീകമെന്ന നിലയിൽ ആന വടക്കേ കവാടത്തിന്റെ പ്രതീകമാണ്.
തെക്കൻ പ്രവേശന കേന്ദ്രം വിജയത്തിന്റെ പാത എന്നറിയപ്പെടുന്നു. ജഗന്നാഥനെയും ബലഭദ്രനെയും ഒപ്പം കുതിക്കുന്ന രണ്ട് കുതിരകളെയുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് . യുദ്ധങ്ങളിൽ വിജയിക്കാൻ ഭഗവാന്റെ അനുഗ്രഹം തേടി ചക്രവർത്തിമാർ ഈ കവാടത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു.