കത്വ : ജമ്മു കശ്മീരിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ” ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ തീർച്ചയായും ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. എന്നാൽ തീവ്രവാദികളെ കണ്ടെത്താനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണ്.
തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെ തുടർനടപടികൾ സ്വീകരിക്കും. ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നത് സംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കും. വിദഗ്ധരുടെ മുന്നറിയിപ്പുകൾ പാലിക്കുന്നത് വഴി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും. ഭരണകൂടവും സൈന്യവും ഇതിനായുള്ള നടപടികൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും” ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റയാളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ജമ്മു കശ്മീരിൽ നിന്ന് ഭീകരരേയും അവരെ പിന്തുണയ്‌ക്കുന്നവരേയും ഇല്ലാതാക്കും. റിയാസിയിലുണ്ടായത് മനുഷ്യമനസിനെ മരവിപ്പിക്കുന്ന കാര്യമാണ്. ഇക്കാര്യത്തിൽ എല്ലാവർക്കും കടുത്ത അമർഷമുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ സാധിക്കുന്നുണ്ട്. എല്ലാവരും പൊലീസിന്റേയും സുരക്ഷാ സേനയുടേയും പ്രവർത്തനങ്ങളിൽ വിശ്വാസം അർപ്പിക്കണം. ഭീകരരെ ഇല്ലാതാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും സൈന്യം ഉറപ്പാക്കുമെന്നും” ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദോഡ, കത്വ എന്നിവിടങ്ങളിൽ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി കത്വയിൽ വെടിവയ്പ്പ് നടത്തിയ രണ്ട് ഭീകരരെ സുരക്ഷാ സേന വധിക്കുകയും ചെയ്തിരുന്നു.