കുവൈത്ത് തീപിടിത്തത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. മംഗഫിലുണ്ടായ തിപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്നും, കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അമീർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. അപകടമുണ്ടായ കെട്ടിടത്തിന്റെ ഉടമയേയും സെക്യൂരിറ്റി ജീവനക്കാരനേയും അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫസദ് അൽ യൂസഫ് അൽ സബാഹ് പൊലീസിന് നൽകിയിട്ടുണ്ട്.
നിയമലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യം പ്രാഥമികമായി പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഫ്‌ളാറ്റിൽ തീ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്പനിയുടേയും കെട്ടിട ഉടമകളുടേയും അത്യാഗ്രഹത്തിന്റെ ഫലമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് പിന്നാലെ ഷെയ്ഖ് ഫസദ് അൽ യൂസഫ് അൽ സബാഹ് ആരോപിച്ചു.