ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിൽ കുവൈറ്റിലെ വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കുവൈത്ത്
വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് ഭരണകൂടത്തിന്റെ ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ജയശങ്കർ ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൃതി വർദ്ധൻ സിംഗ് ഇന്ന് കുവൈത്തിലെത്തിയ ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോകുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ പരിശ്രമിക്കുകയും മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
കുവൈത്തിലെ തൊഴിലാളി ക്യാംപിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത്. ഇതിൽ 40 പേരും ഇന്ത്യക്കാരാണ്. 11 മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 7 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.