ഒരി ക്കൽ കാലിടറുക. കാലങ്ങൾക്കിപ്പുറം കയ്യടികൾക്ക് നടുവിൽ നിൽക്കുക. തോറ്റുപോയെന്ന് കരുതുന്നവർക്ക് പ്രചോദനമാണ് സൗരഭ് നേത്രവൽക്കറുടെ കരിയർ. ഇന്ന് നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർക്കെതിരെ സൗരഭ് നേത്രവൽക്കർ പന്തെറിഞ്ഞു. മുംബൈയിലെ പരിശീലനത്തിൽ ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും അണ്ടർ 15 ടീമിൽ ഒപ്പമുണ്ടായിരുന്ന സൂര്യകുമാർ യാദവുമെല്ലാം സൗരഭിനെ നേരിട്ടു. ഇന്ത്യയിലായിരുന്നപ്പോൾ വിരാട് കോലിക്കെതിരെയും താരം കളിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ മുൻനിരയെ വീഴ്‌ത്തി താൻ ഇന്ത്യൻ ടീമിന്റെ നഷ്ടമെന്നും അമേരിക്കയുടെ നേട്ടമെന്നും തെളിയിച്ചിരിക്കുകയാണ് താരം.
സൗരഭിന്റെ പന്തിൽ വിറച്ചത് ഇന്ത്യൻ താരങ്ങൾ മാത്രമല്ല, ആരാധകർ കൂടിയാണ്. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ തന്നെ വിരാട് കോലിയെ മടക്കിയാണ് ക്രിക്കറ്റ് ലോകത്ത് ഒരിക്കൽ കൂടി നേത്രവൽക്കർ തന്റെ പേര് പതിപ്പിച്ചത്. ഫുൾ ലെങ്ത്ത് പന്ത് ഡൈവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കോലി ഗോൾഡൺ ഡക്കായത്. പിന്നാലെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ രോഹിത് ശർമ്മയെയും(3) മടക്കി ഇന്ത്യയെ വിറപ്പിച്ചു. ഉറ്റസുഹൃത്തായ സൂര്യകുമാറിനും താരമെറിഞ്ഞ പന്തിൽ പരിക്ക് പറ്റി. ഐസിസി ടൂർണമെന്റുകളിൽ വിരാട് കോലിയെ ഗോൾഡൺ ഡക്കാക്കുന്ന ബൗളറെന്ന നേട്ടവും സൗരഭിന് സ്വന്തമായി.
View this post on Instagram
A post shared by ICC (@icc)
“>
ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറികളിലൊന്ന് അരങ്ങേറിയപ്പോൾ അതിൽ നിർണായകമായത് ഈ 32-കാരൻ ഇടംകൈയൻ പേസറുടെ പ്രകടനമായിരുന്നു. 1991 ഒക്ടോബർ 16-ന് മുംബൈയിലാണ് നേത്രവൽക്കറുടെ ജനനം. മുംബൈയുടെ ജൂനീയർ ടീമുകളിൽ കളിച്ചുതുടങ്ങിയ താരം അണ്ടർ 19 ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങി. വൈകാതെ രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂർണമെന്റുകളിലും കളിച്ചു. പിന്നീട് അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം അമേരിക്കയിലേക്ക് ചേക്കേറുന്നത്.
കോർണൽ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായാണ് താരം ആദ്യം അമേരിക്കയിലെത്തുന്നത്. പാഷനായ ക്രിക്കറ്റിനെയും ഒപ്പം കൂട്ടി. ഇന്ന് പ്രശസ്ത അമേരിക്കൻ കമ്പനിയായ ഒറാക്കിളിൽ സീനിയർ സോഫ്റ്റ്വെയർ എൻജിനീയറാണ് താരം.