കൊല്ലം: കുവൈത്തിൽ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ കൊല്ലം സ്വദേശിയും. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. എട്ടരമാസം മുമ്പ് നാട്ടിൽ വന്നുപോയ ഷമീർ മരിച്ചുവെന്ന വാർത്ത കേട്ട് നടുക്കത്തിലാണ് കുടുംബവും ബന്ധുക്കളും.
ആദ്യം വാർത്ത അറിഞ്ഞപ്പോൾ ഷമീർ അതിൽ ഉണ്ടാകരുതേയെന്ന പ്രാർത്ഥനയിലായിരുന്നു വീട്ടുകാർ. ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകനാണ് 30-കാരനായ ഷെമീർ. കഴിഞ്ഞ 5 വർഷമായി എൻടിബിസി കമ്പനിയിലെ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. പത്തനാപുരം സ്വദേശി സുറുമിയാണ് ഭാര്യ.
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 41 പേരാണ് മരിച്ചത്. ഇതിൽ 21 പേർ ഇന്ത്യക്കാരാണ്. 11 പേർ മലയാളികളാണെന്നുമാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികളാണ് ഇനി ചെയ്യാനുള്ളത്. 46 പേരാണ് ചികിത്സയിലുള്ളത്. രക്ഷാദൗത്യത്തിനിടെ അഞ്ച് അഗ്നിശമന ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് വിവരം.
കെട്ടിടത്തിലുണ്ടായിരുന്നവർ ഉറക്കത്തിലായിരുന്ന സമയത്താണ് തീ പടർന്ന് പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തിയും വർധിപ്പിച്ചു. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്.