ഇറ്റാനഗർ : അരുണാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മിന്നും ജയത്തിലേക്ക് നയിച്ച പേമ ഖണ്ഡു വീണ്ടും മുഖ്യമന്ത്രിയാകും.
ഇന്ന് നടന്ന യോഗത്തിൽ ബി.ജെ.പി നിയമസഭ കക്ഷി നേതാവായി പേമ ഖണ്ഡുവിനെ തിരഞ്ഞെടുത്തിരുന്നു. മുതിർന്ന നേതാക്കളായ രവിശങ്കർ പ്രസാദ്, തരുൺ ചുഗ് എന്നിവരായിരുന്നു നിരീക്ഷകരായെത്തിയത്.
സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഇനി അദ്ദേഹം വൈകാതെ ഗവർണർ കെ.ടി പർണായികിനെ കാണും. വ്യാഴാഴ്ച രാവിലെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഖണ്ഡുവും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ അങ്ങേയറ്റം അഭിമാനം തോന്നുന്നതായും പ്രധാനമന്ത്രി മോദിയുടെ വികസന ദർശനത്തിൽ ഊന്നിയുള്ള ഭരണം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 46 സീറ്റാണ് ലഭിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടിക്ക് അഞ്ചും എൻ.സി.പിക്ക് മൂന്നും അരുണാചൽ പീപ്പിൾസ് പാർട്ടിക്ക് രണ്ടും കോൺഗ്രസിന് ഒന്നും സീറ്റുകൾ വീതമാണ് ലഭിച്ചത്. മൂന്ന് സീറ്റുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ പിടിച്ചെടുത്തു. 2016ലാണ് പേമ ഖണ്ഡു ആദ്യമായി അരുണാചൽ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്.