ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കശ്മീരിലെ ദോഡ ജില്ലയിലാണ് ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. സംഭവത്തിൽ ഒരു ജവാന് പരിക്കേറ്റു. സ്പെഷ്യൽ പോലീസ് ഓഫീസർ ഫരീദ് അഹമ്മദിനാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്.
ജൂൺ ഒമ്പതിന് റിയാസിയിൽ നടന്ന ഭീകരാക്രമണമായിരുന്നു തുടക്കം. ആക്രമണത്തിൽ ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഇന്നലെ കത്വയിൽ ഭീകരർ വെടിവയ്പ്പ് നടത്തി. നാല് ഭീകരർ അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കത്വയിലെ ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും അഞ്ച് ജവാന്മാർക്കും ഒരു പൊലീസുകാരനും പരിക്കേൽക്കുകയും ചെയ്തു.
രാജ്യത്തെ നടക്കുത്തിയ ഭീകരാക്രമണമായിരുന്നു റിയാസിയിൽ നടന്നത്. കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു.