തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബിജെപി നേതൃത്വം. കെ സുരേന്ദ്രനെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളടക്കം നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും നിരീക്ഷകർ എന്ന പേരിൽ ചിലർ നടത്തുന്ന അനാവശ്യ പ്രസ്താവനകളും ബിജെപിയുടെ പ്രവർത്തകരെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബിജെപിയെ തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ദീർഘനാളായി കെ സുരേന്ദ്രനെയും മറ്റ് പാർട്ടി നേതാക്കളെയും താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് ബിജെപി നേതൃത്വം.
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റതുമുതൽ അദ്ദേഹത്തിന് എതിരെ സംഘടിത ആക്രമണമാണ് നടക്കുന്നത്. ബിജെപിക്കുള്ളിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തി തീർക്കുവാനും അണികളെ തമ്മിലടിപ്പിച്ച് പാർട്ടിയെ തളർത്താനുമാണ് ഒരു സംഘത്തിന്റെ ശ്രമം. ചില ഓൺലൈൻ ചാനലുകളാണ് ഇതിന് ആദ്യം തുടക്കം കുറിച്ചത്. ബിജെപിയുടെ ഭാഗത്തുനിന്ന് സംസാരിക്കുന്നുവെന്ന് വരുത്തിതീർത്ത ശേഷം അണികളെ നേതൃത്വത്തിനെതിരെ തിരിക്കുകയായിരുന്നു ഇത്തരം മാധ്യമങ്ങൾ. പ്രമുഖ ചാനലുകളിലടക്കം ഇടതു മാധ്യമപ്രവർത്തകർ ബിജെപിക്കെതിരായി നിരന്തരം വ്യാജവാർത്തകൾ സൃഷ്ടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നതും വയനാട്ടിൽ കെ സുരേന്ദ്രൻ നടത്തിയ അപ്രതീക്ഷിത മുന്നേറ്റവും ഇക്കൂട്ടരെ ഞെട്ടിച്ചിരുന്നു. ഗണപതി വട്ടത്ത് മാത്രം 18107 വോട്ടുകളാണ് ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രൻ വർദ്ധിപ്പിച്ചത്. ഇതാണ് അദ്ദേഹത്തിനെതിരെ വീണ്ടും സൈബർ ആക്രമണം അഴിച്ചുവിടാൻ കാരണമായത്.
സന്ദീപ് വാര്യർ, വി വി രാജേഷ്, കരമന ജയൻ, അഡ്വ. പി സുധീർ, സി ആർ പ്രഫുൽകൃഷ്ണ തുടങ്ങി നിരവധി ബിജെപി നേതാക്കൾ കെ സുരേന്ദ്രന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രംഗത്ത് വന്നു. നിഷ്പക്ഷത ചമഞ്ഞ് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചില നിരീക്ഷകരും ഇടത്-വലത് മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെ സുരേന്ദ്രനെ ലക്ഷ്യം വച്ച് രംഗത്ത് വരികയായിരുന്നു. വയനാട്ടിൽ കെ സുരേന്ദ്രൻ മുന്നേറ്റം നടത്തിയില്ല എന്നും ഗണപതി വട്ടം പോലുള്ള ചർച്ചകൾ ഗുണം ചെയ്തില്ല എന്നും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രൻ പരാജയമാണെന്നും പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത് നടക്കാതെ വന്നതോടെ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണവും ആരംഭിച്ചു. ഇതിനെയാണ് ബിജെപി നേതാക്കൾ ഒന്നടങ്കം ചോദ്യം ചെയ്യുന്നത്.