ലോസ് ഏഞ്ചൽസ്: സ്കിൻ കാൻസർ ബാധിച്ചെന്ന് വെളിപ്പെടുത്തി ഗായകനും ജൊനാസ് ബ്രദേഴ്സിലെ ഒന്നാമനുമായ കെവിൻ ജൊനാസ്. താൻ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായെന്നും കാൻസർ ബാധിച്ച സെല്ലുകൾ നീക്കം ചെയ്തെന്നും താരം പറഞ്ഞു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.
കെവിന്റെ നെറ്റിയുടെ മുകൾ ഭാഗത്ത് വളർന്നു തുടങ്ങിയ ബേസൽ സെൽ കാർസിനോമ നീക്കം ചെയ്തതായാണ് വീഡിയോയിലൂടെ കെവിൻ പറയുന്നത്. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. താനിപ്പോൾ വിശ്രമത്തിലാണെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ആരും അവയെ അവഗണിക്കരുതെന്നും കെവിൻ വീഡിയോയിൽ പറയുന്നുണ്ട്.
കെവിൻ ജൊനാസിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. സുഖം പ്രാപിച്ച് എത്രയും വേഗം മടങ്ങിവരട്ടെ എന്നാണ് ആരാധകർ ആശംസിച്ചത്.
View this post on Instagram
A post shared by Kevin Jonas (@kevinjonas)
ചർമത്തെ ബാധിക്കുന്ന കാൻസറാണ് ബേസൽ സെൽ കാർസിനോമ. ചർമത്തിലെ പഴയ കോശങ്ങൾ നശിക്കുമ്പോൾ പുതിയവ ഉത്പാദിപ്പിക്കുന്ന ഒരു തരം കോശമാണ് ബേസൽ സെൽ. ചർമത്തിൽ ചെറിയൊരു വീക്കമായിട്ടാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് ബേസൽ സെൽ കാർസിനോമ കൂടുതലും ബാധിക്കുന്നത്. അൾട്രാവയലറ്റ് റേഡിയേഷന് ഏറെനേരം വിധേയമാകുന്നതു വഴിയാണ് രോഗസാധ്യത വർധിക്കുന്നത്. ചർമത്തിലെ ബേസൽ സെല്ലുകളുടെ ഡിഎൻഎയിൽ വ്യതിയാനം സംഭവിക്കുന്നതാണ് കാൻസറിന് കാരണമാകുന്നത്.