കുവൈറ്റ് സിറ്റി: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ. ജഹ്റ ആശുപത്രിയിൽ കഴിയുന്ന ആറ് ഇന്ത്യക്കാരെയാണ് ആദർശ് സ്വൈക സന്ദർശിച്ചത്. ആറ് പേരെ കൂടി വിദഗ്ധ ചികിത്സയ്‌ക്കായി ജഹ്റ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.
പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും സഹായങ്ങളും ഉറപ്പാക്കുമെന്ന് അംബാസഡർ അറിയിച്ചു. 21 ഇന്ത്യക്കാർ മരിച്ചെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിലേക്ക് തിരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേന്ദ്ര മന്ത്രിയാകും ഏകോപിപ്പിക്കുക. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻ.ബി.ടി.സി കമ്പനിയുടെ ക്യാമ്പിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. വിഷവാതകം ശ്വസിച്ചാണ് ഏറെ പേരും മരിച്ചത്. 195 പേർ താമസിച്ചിരുന്നു ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. താഴെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ മുകളിലുള്ള ഫ്ലാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയും പുക ശ്വസിച്ചുമാണ് മിക്കവർക്കും പരിക്കേറ്റത്. ചിലരുടെ നില അതീവ ഗുരുതരമാണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
ഇരയായവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരം കൈമാറാൻ എംബസി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +965-65505246