ഫോട്ടോ ഷൂട്ടിലൂടെ മലയാളികളെ ഞെട്ടിക്കുന്ന സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികൾ ആഘോഷമാക്കിയ മോഹൻലാൽ ഫോട്ടോകൾക്ക് പിന്നിൽ ഒരാളുടെ അധ്വാനമാണ്. അനീഷ് ഉപാസന എന്ന ഫോട്ടോഗ്രാഫറാണ് മോഹൻലാലിന്റെ മിക്ക സ്റ്റൈലിഷ് ഫോട്ടോകൾക്കും പിന്നിൽ. ദീർഘനാളത്തെ അടുപ്പമാണ് ഇരുവരും തമ്മിൽ. മോഹൻലാലുമായുള്ള സൗഹൃദത്തെ പറ്റിയും അദ്ദേഹവുമായി ആദ്യം സഹകരിച്ചപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റിയും മനസ് തുറക്കുകയാണ് അനീഷ് ഉപാസന. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പേഴ്സണൽ ഫോട്ടോഗ്രാഫറിലേക്കുള്ള യാത്രയെപ്പറ്റി അനീഷ് തുറന്നുപറയുന്നത്.
“ലാൽസാറുമായി ഫസ്റ്റ് ഫോട്ടോഷൂട്ട് ചെയ്യുന്നത് പരദേശി, ചോട്ടാ മുംബൈ തുടങ്ങിയ സിനിമകൾക്കിടയിലാണ്. മോഹൻലാൽ സ്പെഷ്യൽ എന്ന മാഗസിന് വേണ്ടിയാണ് ആദ്യ ഫോട്ടോഷൂട്ട്. താജ് ഹോട്ടലിലാണ് ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു. അത് ഞാൻ അറിഞ്ഞിരുന്നില്ല. ഇവിടെനിന്ന് ഞാൻ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് ലാൽ സർ ചോദിച്ചു. അദ്ദേഹം എന്നോട് ചൂടായി. ലാൽ സർ നമുക്കുവേണ്ടി സമയവും മാറ്റിവെച്ചിരുന്നു. കല്യാണം നടക്കുന്ന തിരക്കിനിടയിൽ വച്ച് ഷൂട്ട് ചെയ്യാൻ കഴിയില്ല. അദ്ദേഹം ദേഷ്യപ്പെട്ടപ്പോൾ എന്റെ കയ്യും കാലുമൊക്കെ വിറയ്ക്കാൻ തുടങ്ങി. അവസാനം ഷൂട്ട് വേണ്ട എന്ന് വച്ച് ഞാൻ പോകാൻ തുടങ്ങിയപ്പോൾ ലാലേട്ടൻ വിളിച്ചു. ഇയാൾക്ക് ഷൂട്ട് ചെയ്യാൻ ഫ്ലോർ ഉണ്ടോ എന്ന് ചോദിച്ചു. ഫ്ലോർ ഇല്ല, ഒരു വീട്ടിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞു”.
“ആലഞ്ചോട് എന്നുപറയുന്ന സ്ഥലത്താണ് ഞാൻ ഷൂട്ട് ചെയ്യുന്ന വീട്. ജനക്കൂട്ടമുള്ള സ്ഥലമാണ്, സാറിനെ അവിടെ കൊണ്ടുവരിക പ്രയാസവും. പക്ഷേ മുരളിയേട്ടൻ എല്ലാം നിയന്ത്രിച്ചു കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെ ലാലേട്ടൻ കാറിനു വന്ന് അവിടെയിറങ്ങി. അഞ്ചുമണിക്കൂറാണ് അവിടെ ഫോട്ടോഷൂട്ട് ചെയ്തത്. ആ ഫ്ലോറിൽ എസി ഇല്ല, കറന്റ് പോയാൽ ജനറേറ്റർ ഇല്ല. അവിടെവച്ച് ഫോട്ടോഷൂട്ട് നടത്തി ഫോട്ടോ മാഗസിനിൽ ഇറങ്ങി. അന്നുമുതൽ സർ എന്നെ കൂടെ നിർത്താൻ തുടങ്ങി”.
” ലാലേട്ടനെ വീടിന്റെ അവിടെ കൊണ്ടുവന്ന് ഗേറ്റ് തുറന്ന് സ്റ്റെപ്പ് കയറി. കൂട്ടുകാരോട് ലാൽ സർ വീട്ടിലോട്ടു വരുന്ന കാര്യം പറയാൻ മറന്നിരുന്നു. വീടിന്റെ ബെല്ലടിച്ചത് ലാലേട്ടനാണ്. കതക് തുറന്നത് മുണ്ടു മാത്രം ഉടുത്തിരുന്ന ഒരുത്തൻ. ലാലേട്ടനെ കണ്ടതോടെ അവന്റെ തലകറങ്ങാൻ തുടങ്ങി. ‘പേടിക്കണ്ട, ഞാൻ തന്നെയാ മോനെ’ എന്ന് പറഞ്ഞുകൊണ്ട് ലാൽ സർ അകത്തേക്കും കയറി. ഇരിക്കാൻ അവിടെ ഒരു പൊട്ടിയ ഫൈബർ ചെയർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിലാണ് ലാലേട്ടൻ ഇരുന്നത്. ഒരുങ്ങാൻ ഉണ്ടായിരുന്നത് ചെറിയ ഒരു കണ്ണാടി. സാറിന് അതൊന്നും ഒരു വിഷയമായിരുന്നില്ല. ബാച്ചിലേഴ്സ് മാത്രം താമസിക്കുന്ന വീടായിരുന്നു. പതിമൂന്നോളം ഡ്രസ്സ് മാറി അദ്ദേഹം അവിടെ ഷൂട്ട് ചെയ്തു. ഇന്ത്യൻ സിനിമയിൽ മോഹൻലാലിന് മാത്രമേ അത് സാധിക്കൂ”- അനീഷ് ഉപാസന പറഞ്ഞു.