തിരുവനന്തപുരം: വയനാട്ടിലെ എംപി സ്ഥാനം രാഹുൽ രാജിവച്ച് ഒഴിയുമെന്ന സൂചന നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാജ്യത്തെ നയിക്കേണ്ട രാഹുലിന് വയനാട്ടിൽ നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പദവി ഒഴിയുന്നതിൽ ദുഃഖമുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. വയനാട്ടിൽ നടന്ന പരിപാടിയിലാണ് കെ. സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്ടിൽ തുടരണോ അതോ റായ്ബറേലി വേണോ എന്ന കാര്യത്തിൽ ധർമസങ്കടമാണെന്ന് മണ്ഡലത്തിലെ ജനങ്ങളോട് രാഹുൽ പറഞ്ഞിരുന്നു. പിന്നാലെയാണ് കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ.
വയനാടുമായുള്ള ബന്ധം തെരഞ്ഞെടുപ്പിന് അപ്പുറമാണെന്ന് പൊതുസമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ജീവിതകാലം മുഴുവൻ ഓർക്കുന്ന പിന്തുണയാണ് മണ്ഡലത്തിലെ ജനങ്ങൾ നൽകിയതെന്നും വോട്ടിനേക്കാൾ വിലയുള്ളതാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ വയനാട് എംപി സ്ഥാനം രാജിവയ്‌ക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയിൽ രാഹുൽ തുടരുമന്ന തരത്തിലാണ് ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ് സൂചന നൽകിയത്. ഇരുപത് കൊല്ലമായി സോണിയ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് റായ്ബറേലി.