ന്യൂഡൽഹി : ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുറപ്പെടും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയാണ് ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണത്തെ തുടർന്നാണ് യാത്ര.
തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യ വിദേശ യാത്രയാകും ഇത്. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ പങ്കെടുക്കും.
ജി7 ഉച്ചകോടിക്ക് പുറമേ സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 15 മുതൽ 16 വരെ സ്വിറ്റ്സർലൻഡിലെ ലൂസേൺ തടാകത്തിന് മുകളിലുള്ള ബർഗൻസ്റ്റോക്ക് ഹോട്ടലിലാണ് സമാധാന ഉച്ചകോടി.