ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃതു. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 3 മൂന്ന് മണിയോടെ കത്വ ജില്ലയിലെ സൈദ സുഖൽ ഗ്രാമത്തിലായിരുന്നു സംഭവം. കബീർദാസ് എന്ന സിആർപിഎഫ് ജവാനാണ് ഭീകരരുടെ വെടിയേറ്റത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അതിർത്തി മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സാധാരണക്കാരന് പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബുധനാഴ്ച പുലർച്ചയോടെ മറ്റൊരു ഭീകരനെയും സൈന്യം വധിക്കുകയായിരുന്നു. അതിർത്തിക്കപ്പുറത്തു നിന്നും ഭീകരർ നുഴഞ്ഞു കയറിയതായാണ് കരുതപ്പെടുന്നത്. എഡിജിപിയുടെ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം വളഞ്ഞിരിക്കുകയാണ്.
ചൊവ്വാഴ്ച ദോഡ എന്ന പ്രദേശത്തെ ചെക്ക് പോയിന്റിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ വെടിവെപ്പിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. ഒളിഞ്ഞിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് കത്വയിലെ ആക്രമണം.