ഗുരുവായൂര്‍: സ്വകാര്യ ബസിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. ഗുരുവായൂര്‍ മഞ്ചിറ റോഡ് സമീപം ഫയര്‍ സ്റ്റേഷനടുത്ത് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തി ആളെ ഇറക്കിയതാണ് അപകടത്തിന് കാരണമായത്.
സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഗുരുവായൂര്‍ മാധ്യമം ലേഖകന്‍ ലിജിത്ത് തരകനാണ് (50) പരിക്കേറ്റത്. പാലക്കാട് – ഗുരുവായൂര്‍ റൂട്ടിലോടുന്ന രാജപ്രഭ ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ ലിജിത്തിനെ മാദ്ധ്യമ പ്രവര്‍ത്തകരായ ടി.ബി. ജയപ്രകാശ്, പി.കെ. രാജേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രഥമ ശ്രുശ്രൂഷക്ക് ശേഷം വിട്ടയച്ചു. ഗതാഗത പരിഷ്‌കരണം നടപ്പാക്കിയത് മുതല്‍ ഔട്ടര്‍ റിങ് റോഡില്‍ എവിടെയും പെട്ടെന്ന് ബസ് നിര്‍ത്തി ആളുകളെ കയറ്റുകയും ചെയ്യുന്ന അവസ്ഥയാണ്.
ഇപ്പോഴത്തെ ഗതാഗത പരിഷ്‌കരണം രണ്ട് വര്‍ഷത്തോളം നീളുന്ന സാഹചര്യത്തില്‍ ബസ് സ്റ്റോപ്പുകളെ കുറിച്ച് വ്യക്തമായി വിവരം നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും തോന്നിയ സ്ഥലത്ത് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു.