മൈസൂരു: ചരിത്ര പ്രസിദ്ധമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായ ആന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. കർണാടക നഗർഹോളെ കടുവാ സങ്കേതത്തിലെ അശ്വത്ഥാമാവെന്ന ആനയാണ് ചരിഞ്ഞത്. കടുവാ സങ്കേതത്തിലെ ഭീമൻകട്ടെ ആന ക്യാമ്പിന് സമീപമുള്ള സോളാർ വേലിയിൽ നിന്നുമാണ് വൈദ്യുതാഘാതമേറ്റത്. ആഹാരം തേടി ആന വനത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അപകടം.
38 വയസുള്ള അശ്വത്ഥാമാവ് 2021ലെയും 2022 ലെയും ദസറ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. 2021 ൽ നടന്ന പ്രശസ്തമായ ജംബോ സവാരിയിൽ ആനയെ പങ്കെടുപ്പിച്ചിരുന്നു. ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആനകളിലൊന്നായിരുന്നു അശ്വത്ഥാമാവ്. 2017 ൽ ഹസ്സൻ ജില്ലയിലെ സകലേഷ്പുരിൽ നിന്നുമാണ് ആനയെ പിടികൂടിയത്.
ഈ വർഷം ചരിയുന്ന രണ്ടാമത്തെ ദസറ ആനയാണ് അശ്വത്ഥാമാവ്. 22 തവണ ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത 64 വയസുള്ള അർജുന എന്ന ആനയും ഈയിടെ ചരിഞ്ഞിരുന്നു.