ബിജു ജനതാദൾ (ബിജെഡി) സർക്കാരിന്റെ 24 വർഷത്തെ ഭരണത്തിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ജനവിധിയോടെ ബിജെപി അധികാരത്തിലെത്തുമ്പോൾ ഒഡിഷയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി നേതൃത്വം ഏകകണ്‌ഠേന തിരഞ്ഞെടുത്ത പേരാണ് മോഹൻ ചരൺ മാജിയുടേത്. ഇത് നാലാം തവണയാണ് കിയോഞ്ജർ നിയമസഭാ മണ്ഡലത്തിൽ നിന്നും മോഹൻ മാജി വിജയിക്കുന്നത്. ഇത്തവണ 11 ,577 വോട്ടുകൾക്ക് ബിജെഡിയുടെ മിന മാജിയെ പരാജയപ്പെടുത്തി. മുൻപ് 2000-2004, 2004-2009, 2019-2024 വർഷങ്ങളിൽ അദ്ദേഹം കിയോഞ്ജർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
52 കാരനായ മോഹൻ മാജി താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന നേതാവാണ്. ഒഡിഷയിലെ ജനസംഖ്യയുടെ 23 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഏറെ പരിചിതമായ മുഖമാണ് മോഹൻ മാജിയുടേത്. കോൺഗ്രസ്സിന്റെ ഹേമാനന്ദ ബിസ്വാളിനും ഗിരിധർ ഗമാങ്ങിനും ശേഷം ഗോത്രവിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.
കാർഷിക കുടുംബ പശ്ചാത്തലത്തിൽ നിന്നും വളർന്നുവന്ന മോഹൻ മാജി ഗ്രാമീണ സർപഞ്ച് ആയാണ് രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 2000 ൽ കിയോഞ്ജറിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 ൽ ഇവിടെ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2005 മുതൽ 2009 വരെ ബിജെഡി- ബിജെപി സഖ്യ സർക്കാരിൽ ചീഫ് വിപ്പായിരുന്നു. 2009 ലും 2014 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുവെങ്കിലും 2019 ൽ മോഹൻ മാജി കിയോഞ്ജറിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായി. നിയമസഭകളിലെ വിവിധ വിഷയങ്ങളിൽ തീപ്പൊരി പ്രസംഗങ്ങൾക്ക് പേരുകേട്ട ആളാണ് മാജി.
ബിജെപി സ്റ്റേറ്റ് ട്രൈബൽ കമ്മിറ്റിയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ മാജി ഗ്രാമീണ മേഖലകളിലെ എല്ലാ പ്രവർത്തങ്ങളിലും സജീവമായി പങ്കെടുക്കുന്ന ആളാണ്. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയരിര് നിക്ഷേപമുള്ള ഇടങ്ങളിലൊന്നാണ് കിയോഞ്ജർ. ഇവിടെ ഖനന മേഖലയിലെ ക്രമക്കേടുകളെ തുറന്നുകാട്ടുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച വ്യക്തി കൂടിയാണ് മാജി. ബിജെഡി ഭരണകാലത്ത് ജില്ലാ മിനറൽ ഫൗണ്ടേഷന് കീഴിൽ വൻതോതിൽ ഫണ്ട് വിനിയോഗിച്ചതിലെ അഴിമതി മോഹൻ മാജി പുറത്തുകൊണ്ടു വന്നിരുന്നു.