ന്യൂഡൽഹി: മൂന്നാമൂഴത്തിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിലും ലോക്സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരാൻ ബിജെപി. 240 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 100 സീറ്റിലധികം ലക്ഷ്യമിട്ട കോൺഗ്രസ് സെഞ്ച്വറി തികയ്ക്കാനാകാതെ 99ൽ ഒതുങ്ങി. സീറ്റ് നിലയിൽ മൂന്നാം സ്ഥാനം സമാജ്‍വാദി പാർട്ടിക്കാണ്. 37 സീറ്റുകളിലാണ് സമാജ്‍വാദി പാർട്ടിക്ക് വിജയിക്കാനായത്. തൊട്ടുപിന്നിൽ 29 സീറ്റുകളോടെ തൃണമൂൽ കോൺഗ്രസ് ആണ്.
543 അംഗ ലോക്സഭയിൽ 2019ൽ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടിയായിരുന്നു രണ്ടാം മോദി സർക്കാർ ഭരണമുറപ്പിച്ചത്. എന്നാൽ 2024ൽ സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവലഭൂരിപക്ഷം (272 സീറ്റുകൾ) ബിജെപിക്ക് ഒറ്റയ്ക്ക് മറികടക്കാനായില്ല. എൻഡിഎയിലെ ഘടകക്ഷികളുടെ പിന്തുണയോടെ മാത്രമേ നരേന്ദ്ര മോദിക്ക് അധികാരമുറപ്പിക്കാനാകൂ. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സഖ്യകക്ഷികളുമായി ബിജെപി ആശയവിനിമയം നടത്തി. രാജ്യത്ത് എൻഡിഎ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുമുണ്ട്.
അതേസമയം ഏറ്റവും കൂടുതൽ സീറ്റുകൾ നഷ്ടമായതും ബിജെപിക്കാണ്. 441 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് 240 ഇടത്താണ് വിജയിക്കാനായത്. 2019നേക്കാൾ 63 സീറ്റുകളുടെ നഷ്ടം. 328 സീറ്റുകളിലായിരുന്നു കോൺഗ്രസ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 2019നേക്കാൾ 47 സീറ്റുകൾ കോൺഗ്രസിന് അധികം നേടാനായി. 2019ൽ 52 സീറ്റുകളിലായിരുന്നു പാർട്ടിക്ക് വിജയിക്കാനായത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചിൽനിന്ന് 37ലേക്ക് സീറ്റ് നില ഉയർത്താനായി. ഇക്കുറി 71 സീറ്റുകളിലായിരുന്നു സമാജ്‍വാദി പാർട്ടി മത്സരിച്ചത്. തൃണമൂൽ കോൺഗ്രസിനാകട്ടെ, ഏഴ് സീറ്റുകൾ വർധിപ്പിച്ച് 29ലേക്ക് സീറ്റ് നില എത്തിക്കാനായി. 22 സീറ്റുകളിൽ മത്സരിച്ച ഡിഎംകെയ്ക്ക് മുഴുവൻ സീറ്റുകളിലും വിജയിക്കാനായെന്നതും ശ്രദ്ധേയം.
അതേസമയം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ സീറ്റ് നില 293ലേക്ക് ഒതുങ്ങി. 2019ൽ 353 സീറ്റുകളിലായിരുന്നു എൻഡിഎ വിജയിച്ചത്. എൻഡിഎയിൽ രണ്ടാമത്തെ വലിയ കക്ഷി തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യാണ്. 16 സീറ്റുകളിലാണ് ടിഡിപിക്ക് വിജയിക്കാനായത്. 12 സീറ്റുകളുമായി ജെഡിയു ആണ് മൂന്നാം സ്ഥാനത്ത്. ശിവസേന (ഷിൻഡെ) യ്ക്ക് ഏഴ് സീറ്റുകളും എൽജെപിക്ക് അഞ്ച് സീറ്റുകളും ജനസേനാ പാർട്ടിക്ക് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2024
പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ സഖ്യം 234 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടകൾക്കു പുറമേ ശിവസേന (ഉദ്ധവ്) യ്ക്ക് ഒൻപത് സീറ്റിലും ആർജെഡി, സിപിഎം എന്നീ കക്ഷികൾക്ക് നാല് വീതം സീറ്റുകളിലും എഎപി, ജെഎംഎം എന്നീ കക്ഷികൾക്ക് മൂന്നു വീതം സീറ്റുകളിലും വിജയിക്കാനായി. രണ്ട് സീറ്റുകൾ വീതം സിപിഐ (എംഎൽ) യ്ക്കും സിപിഐയ്ക്കും ജമ്മു കശ്മീ നാഷണൽ കോൺഫറൻസിനും ലഭിച്ചു.