ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ഭക്തർക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കുന്ന ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന് തുടക്കമായി.
ഒരു വർഷത്തിനകം മന്ദിര നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പാഞ്ചജന്യം അനക്സ് മന്ദിര വളപ്പിൽ ചേർന്ന ലളിതമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 2 കിടക്കകളോട് കൂടിയ 52 മുറികൾ, 20 പേരെ ഉൾകൊള്ളുന്ന ഡോർമിറ്ററി എന്നിവ ചേരുന്നതാണ് പാഞ്ചജന്യം അനക്സ് മന്ദിരം. 5.53 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്. ഒരു വർഷത്തിനകം മന്ദിര നിർമ്മാണം പൂർത്തിയാക്കണം. കോഴിക്കോട് ആസ്ഥാനമായ മൂപ്പൻസ് ആസ് ടെക് കമ്പനിക്കാണ് നിർമ്മാണ കരാർ. ദേവസ്വം മരാമത്ത് വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാകും നിർമ്മാണം