തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകിയതിൽ പിഴവ് സമ്മതിച്ച് മെഡിക്കൽകോളേജ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മെഡിക്കൽ കോളജ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് പിഴവ് പറ്റിയതായി സമ്മതിക്കുന്നത്.
അസ്വാഭാവിക മരണത്തിന്റ മേൽനടപടിയെന്ന നിലയിൽ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതിന്റെ ആവശ്യം ഡ്യൂട്ടി ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇവരുടെ നിർബന്ധത്തിനു അഭ്യർത്ഥനയ്‌ക്കും വഴങ്ങി മൃതദേഹം വിട്ടുനൽകുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു.
പിന്നീട് മേലധികാരികളെ അറിയിച്ചപ്പോഴാണ് പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതെന്നും തുടർന്ന് വീട്ടിൽ നിന്നും തിരികെ മൃതദേഹം കൊണ്ട് വന്നാണ് നടപടികൾ സ്വീകരിച്ചതെന്നും വിശദീകരണകുറിപ്പിലുണ്ട്. മാനുഷിക പിഴവിനാൽ ബന്ധുക്കൾക്ക് വന്ന ബുദ്ധിമുട്ടിന് ആത്മാർത്ഥമായി മാപ്പ് പറയുന്നുവന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണം സംഭവിച്ചിട്ടും പോസ്റ്റ്‌മോർട്ടം നടത്താതെ ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.