കോട്ടയം: മഴ ശക്തമായതിനെത്തുടർന്ന് മലയോര മേഖലകളിൽ കനത്ത നാശനഷ്ടം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. മലയോര ജില്ലകളായ കോട്ടയം ഇടുക്കി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ഭരണങ്ങാനം വില്ലേജിലെ ചോക്കല്ല് മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. പാലായിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
മീനച്ചിലാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഗമണ്ണിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് മലയോര മേഖലകളിലും പടിഞ്ഞാറൻ മേഖലയിലും ശക്തമായ മഴയാണ് ലഭിച്ചത്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു.