പോർട്ട് ബ്ലെയർ: ആൻഡമാനിലെ ഓംഗെ ഗോത്രത്തിൽ വീണ്ടും രാജകുമാരൻ പിറന്നു. ഗോത്രരാജാവായ ടോട്ടോക്കയ്‌ക്കും രാജ്ഞി പ്രിയയ്‌ക്കുമാണ് ആൺകുഞ്ഞ് പിറന്നത്. പോർട്ട് ബ്ലയറിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ഹോസ്പിറ്റലിലാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ വരവോടെ ഓംഗെ ഗോത്രത്തിന്റെ ആകെ ജനസംഖ്യ 136 ആയി.
കേന്ദ്ര ട്രൈബൽ മന്ത്രി അർജുൻ മുണ്ട ഓംഗെ രാജാവിനും രാജ്ഞിക്കും ആശംസയറിച്ചിട്ടുണ്ട്. “ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓംഗെ ഗോത്രത്തിൽ ഒരു പുതിയ അംഗം എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ആഹ്ളാദകരമായ വാർത്തയിൽ ഞാൻ ടോട്ടോക്കയെയും പ്രിയയെയും അഭിനന്ദിക്കുന്നു. അമ്മയെയും കുഞ്ഞിനെയും നന്നായി പരിപാലിക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകും മേഖലയിലെ ദുർബലരായ വനവാസി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും, അദ്ദേഹം പറഞ്ഞു
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അമ്മയും കുഞ്ഞും ട്രൈബൽ വാർഡിൽ നിരീക്ഷണത്തിലാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ സാധിക്കും,” -ഒരു മുതിർന്ന ആശുപത്രി ജീവനക്കാരൻ അറിയിച്ചു.
നെഗ്രിറ്റോ വംശപരമ്പരയിൽ പെട്ട ഏറ്റവും പ്രാകൃത ഗോത്രങ്ങളിൽ ഒന്നാണ് ഓംഗെ ഗോത്രം. ദുഗോങ് ക്രീക്ക് മേഖലയിൽ ഇവർ ജീവിക്കുന്നത്. മറ്റ് ജനവിഭാഗവുമായി സമ്പർക്കം പുലർത്തുന്നതിൽ ഇവർ വൈമുഖ്യം കാണിക്കാറില്ല. പരമ്പരാഗതമായി വേട്ടയാടിയാണ് ഈ അർദ്ധ നാടോടി ഗോത്രക്കാർ ജീവിച്ചിരുന്നത്. മുൻപ് വിവസ്ത്രരായി ജീവിച്ചിരുന്ന ഇവർക്ക് പ്രാദേശിക ഭരണകൂടം ഇപ്പോൾ വസ്ത്രങ്ങളും റേഷനും നൽകുന്നുണ്ട്.
1858-ൽ ബ്രിട്ടീഷുകാർ പീനൽ സെറ്റിൽമെൻ്റ് സ്ഥാപിച്ചതിനുശേഷമാണ് ഇവരുടെ ജനസംഖ്യ കുത്തനെ കുറഞ്ഞത്. പകർച്ചവ്യാധി, ലഹരി, പരസ്പരമുള്ള ഏറ്റുമുട്ടൽ എന്നിവയും എണ്ണം കുറയാനുള്ള കാരണങ്ങളാണ്. 1901-ൽ 672 ഓംഗെകൾ ഉണ്ടായിരുന്നതയാണ് കണക്ക്. 40 ശതമാനമാണ് ഇവരുടെ ഇടയിലുള്ള വന്ധ്യത നിരക്ക്.
2004-ലെ സുനാമി ദുരന്തത്തെ ഓംഗെകൾ അതിജീവിച്ചത് ഉയർന്ന പ്രദേശങ്ങളിൽ അഭയം പ്രാപിച്ചാണ്. 2008 ഡിസംബറിൽ എട്ട് പുരുഷൻമാർ വിഷ ദ്രാവകം കുടിച്ച് മരണപ്പെട്ടത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. കടലിൽ ഒഴുകി നടന്ന വീപ്പയിൽ നിന്നുള്ള ദ്രാവകമാണ് ഇവർ കുടിച്ചതെന്ന് പീന്നീട് വ്യക്തമായി.