കൊച്ചി: പെരിയാറിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ആലുവ എടമുള പാലത്തിന് സമീപമാണ് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ നദിയിലെ ജലത്തിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. വെള്ളത്തിന് ചുവപ്പ് കലർന്ന നിറമായതോടെ ജനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിനെ വിവരം ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ച പോയതിന് പിന്നാലെയാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയത്. ചത്തുപൊങ്ങിയവയിൽ കരിമീൻ ഉൾപ്പടെയുള്ള മീനുകൾ ഉണ്ട്.
പെരിയാറിലെ മത്സ്യക്കുരുതിയുടെ ഞെട്ടൽ മാറുന്നതിന് മുൻപാണ് വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത്. പെരിയാർ കടന്നു പോകുന്ന കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട്, ഏലൂർ പ്രദേശങ്ങളിലെ കർഷകർക്കാണ് ദുരിതമുണ്ടായത്. മത്സ്യമേഖളയിൽ പണിയെടുക്കുന്നവർക്ക് എട്ട് കോടിയുടെ നാശനഷ്ടമാണുണ്ടായതെന്നാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട്.