ചെറുതായി ഒന്നു ചുമച്ചാൽ പോലും വേഗം ഫോണെടുത്ത് ഇന്റർനെറ്റിൽ കാരണം തെരയുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ചെറിയൊരു രോഗ ലക്ഷണത്തിൽ പിടിച്ച് ഇന്റർനെറ്റിൽ പരതി പരതി അവസാനം നിങ്ങൾക്ക് മാരക രോഗമാണെന്ന ഉത്തരമായിരിക്കും ഗൂഗിൾ തരുന്നത്. ഇതോടെ അമിതമായി ഭയപ്പെടാനും ഇന്റർനെറ്റിൽ തന്നെ കാണുന്ന മരുന്നുകൾ പരീക്ഷിച്ചും ഇല്ലാത്ത രോഗങ്ങളെയൊക്കെ ഇത്തരക്കാർ വിളിച്ചു വരുത്താറുണ്ട്. ഡോക്ടർമാരെ വിശ്വസിക്കാതെ ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതും ഒരുതരം രോഗമാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്റർനെറ്റ് ഡിറൈവ്ഡ് ഇൻഫോർമേഷൻ ഒബ്‌സ്ട്രീറ്റിംഗ് ട്രീറ്റ്‌മെന്റ് എന്നറിയപ്പെടുന്ന രോഗമാണിത്. വിദഗ്ധർ ഈ രോഗത്തെ ചുരുക്കി, ‘ഇഡിയറ്റ്’ സിൻഡ്രോം എന്നു വിളിക്കുന്നു. ഡോക്ടറിന്റെ സഹായമില്ലാതെ ഇന്റർനെറ്റിന്റെ സഹായത്തോടെ മരുന്നുകളെയും രോഗങ്ങളെയും കുറിച്ചറിയാനുള്ള ത്വരയാണ് ഇഡിയറ്റ് സിൻഡ്രോം. സൈബർകോൺഡ്രിയ എന്നും ഈ അവസ്ഥയെ പറയുന്നു.
ഇന്റർനെറ്റിൽ നിന്ന് ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി കാര്യങ്ങൾ നാം സ്വീകരിക്കാറുണ്ട്. എന്നാൽ രോഗങ്ങളെ കുറിച്ച് സ്വയം ചികിത്സ തേടുന്ന തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അമിതമായ ഉത്കണ്ഠയും സമ്മർദ്ദവും ഇത്തരക്കാരിലുണ്ടാവുകയും ഇത് മറ്റ് പല രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഇന്റർനെറ്റിൽ ചികയാതെ രോഗങ്ങൾ തിരിച്ചറിയാൻ വൈദ്യസഹായം തേടിയാൽ ഈ പ്രശ്നം നിയന്ത്രിക്കാം.