തെലുങ്ക് സിനിമയുടെ എക്കാലത്തെയും ഇതിഹാസ നായകൻ എൻടി രാമറാവുവിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്ക് സിനിമയുടെ ഐക്കണും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‘സിനിമയ്‌ക്കും രാഷ്‌ട്രീയത്തിനും എൻടിആർ നൽകിയ സംഭാവനകൾ വരും തലമുറകളെ പ്രചോദിപ്പിക്കുന്നു. സിനിമാ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങൾ മുതൽ രാഷ്‌ട്രീയ ജീവതത്തിലെ മികച്ച നേതൃത്വം വരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നാം എന്നും ബഹുമാനപുരസ്കരം ഓർമിക്കും. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ഞങ്ങളുടെ പ്രവർത്തനങ്ങൾ ഇനിയും തുടരും’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
എൻടിആറിന്റെ 101-ാം ജന്മവാർഷികത്തിൽ മക്കളായ ജൂനിയർ എൻടിആറും കല്യാൺറാമും അദ്ദേഹത്തിന്റെ സ്മാരകത്തിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു. മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, ടിഡിപി അദ്ധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു തുടങ്ങിയ മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. തെലുങ്ക് ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ് എൻടിആറെന്ന് എം വെങ്കയ്യ നായിഡു പ്രതികരിച്ചു.
Remembering the legendary NTR on his birth anniversary. He was a remarkable icon of Telugu cinema and a visionary leader. His contributions to film and politics continue to inspire generations. From his unforgettable roles on screen to his transformative leadership, he is fondly…
— Narendra Modi (@narendramodi) May 28, 2024
ഒരു കാലത്തെ തെലുങ്ക് സിനിമാ രംഗത്ത് തിളങ്ങിയ വ്യക്തിയായിരുന്നു എൻടിആർ എന്നറിയപ്പെടുന്ന നന്ദമുരി താരക രാമറാവു. തുടർന്ന് സിനിമാ ജീവിതത്തിൽ നിന്നും രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ഏഴ് വർഷം ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
തെലുങ്ക് സിനിമാ ലോകത്ത് നടനും നിർമാതാവും സംവിധായകനും എഡിറ്ററുമായിരുന്നു എൻടിആർ. ‘തൊടു ദൊങ്കലു, സീതാരാമ കല്യാണം എന്നീ ചിത്രങ്ങളുടെ സഹനിർമാണത്തിനും ‘വരകത്നം’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.