ചാവക്കാട്: ലോക്കപ്പിലിട്ടു മർദിച്ച പോലീസുകാർക്കെതിരെ 10 വർഷം നീണ്ട നിയമ പോരാട്ടത്തിനുവിജയം. ഇപ്പോൾ തൃശൂർ വെസ്റ്റ് സി ഐ ആയ ടി പി ഫർഷാദ്, സി.പി ഒ സുധീഷ് എന്നിവർക്കെതിരെ ചാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ കേസെടുത്തു.
05/10/2013 ന് രാത്രി 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തളിക്കുളം വില്ലേജ് എടശ്ശേരി ദേശത്തു ഓട്ടോ തൊഴിലാളി ആയ കൊല്ലാറ സന്തോഷിനെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന ഫർഷാദ്, സുധീഷും തുടങ്ങി മറ്റു പോലീസുകാരും ചേർന്ന് കസ്റ്റഡിയിലെടുത്തു മർദ്ധിക്കുകയും ചെയതെന്നാണ് കേസ്.
ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സന്തോഷിനെ അകാരണമായി കസ്റ്റയിലെടുത്ത് പ്രതികൾ ലാത്തി ഉപയോഗിച്ചും മറ്റും അതിക്രൂരമായി മർദിച്ചവശനാക്കുകയായിരുണെന്നും സംഭവമറിഞ്ഞ് നാട്ടിലെ സാമൂഹ്യ പ്രവർത്തകരടക്കം ഇടപെട്ടെങ്കിലും
സന്തോഷിനെ പ്രതികൾ കള്ളക്കേസിൽ കുടുക്കിയിരുന്നത്രെ.
പരുക്കിനെ തുടർന്ന് 4 ദിവസം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട സന്തോഷിന് പിന്നീട് ഉണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം ജോലിക്ക് പോകുന്നതിന് സാധിക്കാതെ വന്നിട്ടുള്ളതും, തുടർന്ന് അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി മുഖാന്തിരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും തെളിവുകൾ ഹാജരാക്കുകയുമായിരുന്നു.
കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതിൽ കേസെടുത്ത് പോലീസുകാരായ പ്രതികളോട് കോടതിയിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കുകയായിരുന്നു.