തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി തീവ്ര മഴ തുടരുന്ന കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെയുള്ള മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളത്തും കോട്ടയത്തും ഇന്നലെ രാത്രി മുതൽ തോരാത്ത മഴയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പെരുമഴയെ തുടർന്ന് എറണാകുളത്ത് കനത്ത വെള്ളക്കെട്ടാണ്. ഇതോടെ എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി നഗരസഭ, തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലാണ് കനത്ത മഴ ദുരിതം വിതച്ചത്. പല വീടുകളിലും വെള്ളം കയറി. പ്രൊഫ. എം ലീലാവതിയുടെ വീട്ടിൽ വെള്ളം കയറിയതോടെ ബുക്കുകൾ ഉൾപ്പെടെയുള്ളവ നശിച്ചു. ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജീവനക്കാരുടെ ഹാജർ നില പകുതിയായി.
പേമാരായിൽ കോട്ടയം കുറുവിലങ്ങാട് വെള്ളക്കെട്ട് രൂക്ഷമായി. പള്ളിക്കവലയും വൈക്കം റോഡും മുങ്ങി. എംസി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.