തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ, ഭക്ഷണം വാങ്ങിയ സെയിൻ ഹോട്ടലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തൽ. ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചത് മറ്റൊരാളുടെ ലൈസൻസിലാണെന്നും നിലവിലെ നടത്തിപ്പുകാരനായ റഫീഖിന് ലൈസൻസ് കിട്ടിയിട്ടില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് നേരത്തെയും ഭക്ഷ്യവിഷബാധയേറ്റതായി എംഎൽഎ ഇടി ടൈസൺ പറഞ്ഞു. ഇതേതുടർന്ന് പിഴ ഈടാക്കി ഹോട്ടൽ പൂട്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം മയൊണൈസോ കോഴിയിറച്ചിയോ ആകാമെന്നാണ് പ്രാഥമിക നിഗമനം. പരിശോധന ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആശുപത്രിയിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നും എംഎൽഎ പറഞ്ഞു.
സെയിൻ ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് 178 പേരാണ് ചികിത്സ തേടിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഹോട്ടൽ അധികൃതർക്കെതിരെ നിയമനടപടിയുൾപ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.