ഭാര്യ പുരുഷനാണെന്ന് ഭർത്താവ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം. ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്തോനേഷ്യക്കാരനായ യുവാവ് വിവാഹിതനായതന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജാവ ദ്വീപിലെ നരിംഗൽ സ്വദേശിയായ യുവാവ് അഡിൻഡ കൻസ എന്ന യുവതിയെ 2023 ൽ സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. ഇസ്ലാംമതവിശ്വാസിയാണെന്ന് പരിചയപ്പെടുത്തിയ യുവതി നേരിൽ കാണുമ്പോഴെല്ലാം മുഖം മറയ്‌ക്കുന്ന നിഖാബാണ് ധരിച്ചിരുന്നത്. യുവതിയുടെ വിശ്വാസ തീഷ്ണത യുവാവിനെ ആകർഷിച്ചു. ഇതോടെ ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാൻ ഇരുവരും ഒന്നിച്ചാണ് തീരുമാനമെടുത്തത്. ഇതിനിടയിൽ താൻ അനാഥയണെന്ന് യുവതി അറിയിച്ചതോടെ ചടങ്ങ് ചെറിയ രീതിയിൽ നടത്താൻ യുവാവ് സമ്മതിച്ചു. എപ്രിൽ 12നായിരുന്നു വിവാഹം നടന്നത്.
വിവാഹത്തിന് ശേഷവും, അഡിൻഡ ഭർത്താവിന് തന്റെ മുഖം കാണിച്ച് കൊടുത്തില്ല. കൂടാതെ ഭർതൃകുടുംബവുമായും സുഹൃത്തുക്കളുമായി ഇടപഴകാൻ വിസമ്മതിക്കുകയും ചെയ്തു. ഒപ്പം ആർത്തവത്തിന്റെ അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി വിവാഹം കഴിഞ്ഞ നാൾ മുതൽ മറ്റൊരു മുറിയിൽ കിടക്കുകയും ചെയ്തു.
പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് ഭാര്യയെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തീരുമാനിച്ചു. അഡിൻഡയുടെ മാതാപിതാക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. തുടർന്ന് അവരെ ബന്ധപ്പെട്ടപ്പോഴാണ് താൻ വിവാഹം കഴിച്ചത് പുരുഷനെയാണെന്ന് യുവാവിന് മനസിലായത്. 2020 മുതൽ സ്ത്രീ വേഷമാണ് ഇവർ ധരിച്ചിരുന്നതെന്ന് മാതാവ് വെളിപ്പെടുത്തി.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് ഇത്തരം സാഹസത്തിന് മുതിർന്നതെന്ന് അഡിൻഡ പറഞ്ഞു. വഞ്ചനാക്കുറ്റം ചുമത്തിയതിനാൽ.
അഡിൻഡയ്‌ക്ക് നാല് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.