ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളത്. എന്നാൽ മതാടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കരുതെന്ന് ഭരണഘടനയിൽ തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും നദ്ദ പറയുന്നു. വാരാണസിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ദളിത്, ഗോത്ര, പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിൽ കൈ കടത്താൻ ആരേയും അനുവദിക്കില്ല. ജൂൺ നാലോട് കൂടി പ്രതിപക്ഷത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് കാണാനാകും. വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ രീതി. എന്നാലത് ഇപ്പോൾ വികസനത്തിന്റെ രാഷ്‌ട്രീയമായി മാറിയിരിക്കുകയാണ്. 10 വർഷം മുൻപുള്ള രാഷ്‌ട്രീയ സാഹചര്യം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. അഴിമതിക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. സാധാരണക്കാർ രാഷ്‌ട്രീയത്തോട് മുഖം തിരിച്ചു.
എന്നാൽ 10 വർഷം കൊണ്ട് പ്രധാനമന്ത്രി സാധാരണക്കാർക്കിടയിൽ വലിയ വിശ്വാസ്യത ഉണ്ടാക്കിയെടുത്തു. വികസനത്തിന്റെ രാഷ്‌ട്രീയമാണ് രാജ്യത്ത് ഇപ്പോൾ കാണുന്നത്. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി നടപ്പാക്കുന്നത്. സമൂഹത്തിന്റെ ക്ഷേമം മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. 400 സീറ്റുകളോടെ തന്നെ മൂന്നാം വട്ടവും എൻഡിഎ സർക്കാർ അധികാരത്തിലെത്തും.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇന്ന് ഉയർന്ന തലത്തിലാണുള്ളത്. ഖാദിയെ പ്രോത്സാഹിപ്പിക്കണമെന്ന് മഹാത്മാഗാന്ധി പറയുമായിരുന്നു. എന്നാൽ കോൺഗ്രസ് അത് പാടെ അവഗണിച്ചു. ഖാദിയെ മുഖ്യധാരയിലെത്തിക്കാൻ പ്രയത്‌നിച്ചത് നരേന്ദ്രമോദിയാണ്. 2014ന് ശേഷം നെയ്‌ത്തുകാരുടെ ജീവിതത്തിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. നെയ്‌ത്ത് തൊഴിലാളികൾക്ക് വേണ്ടി പ്രധാനമന്ത്രി ചെയ്ത കാര്യങ്ങൾ കഴിഞ്ഞ 70 വർഷത്തിനിടെ ഒരു സർക്കാരും ചെയ്തിട്ടില്ല.
ഈ രാജ്യത്ത് ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് രാജ്യത്തെ ജനങ്ങൾ കരുതിയിരുന്നത്. നിസംഗതയോടെയാണ് അവർ എല്ലാത്തിനേയും കണ്ടിരുന്നത്. എന്നാൽ മോദിജിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മാറിമറിഞ്ഞു. ഒരു നല്ല നേതാവ് എങ്ങനെ ആയിരിക്കുമെന്ന് അവർ നേരിട്ട് കണ്ടുവെന്നും” നദ്ദ പറയുന്നു.