ന്യൂഡൽഹി: തന്റെ ശരീരഭാരം വളരെ അധികം കുറയുകയാണെന്നും, ശരീരത്തിന് ഗുരുതരമായ എന്തോ രോഗമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും, പരിശോധനകൾ നടത്താൻ കൂടുതൽ സമയം ആവശ്യമാണെന്നുമാണ് ഹർജിയിൽ പറയുന്നത്.
ജൂൺ ഒന്ന് വരെയാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്‌രിവാൾ ഇൻഡി മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ജാമ്യത്തിന്റെ കാലാവധി തീരാറായതോടെയാണ് തനിക്ക് പരിശോധനകൾ നടത്തണമെന്ന ആവശ്യം കെജ്‌രിവാൾ ഉന്നയിക്കുന്നത്. തന്റെ ഭാരം ഏഴ് കിലോ കുറഞ്ഞുവെന്നും ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് ബതിൻഡയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞത്.
” എന്റെ ശരീരഭാരം വളരെ അധികം കുറഞ്ഞു. ഒരു മാസം കൊണ്ട് ഏഴ് കിലോ ആണ് കുറഞ്ഞത്. അതിനർത്ഥം ഇത് ഗുരുതരമായ പ്രശ്‌നമാണെന്നാണ്. പരിശോധനകൾ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഒരു ആഴ്ചയ്‌ക്കുള്ളിൽ എല്ലാ പരിശോധനകളും നടത്തണമെന്നാണ് കരുതുന്നത്. ഇതിനായി ഏഴ് ദിവസം കൂടി ജാമ്യം നീട്ടി നൽകണമെന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. എന്തെങ്കിലും ഗുരുതരമായ അസുഖം ശരീരത്തിലുണ്ടോ എന്ന് കണ്ടെത്തണമെന്നും” കെജ്‌രിവാൾ പറയുന്നു.
അതേസമയം ജയിലിൽ കിടന്നപ്പോൾ പ്രമേഹം കൂടാൻ കാരണമാകുന്ന ഭക്ഷണങ്ങൾ മാത്രം കഴിച്ച് ആരോഗ്യസ്ഥിതി വഷളാക്കാൻ കെജ്‌രിവാൾ ശ്രമിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം യാതൊരു വിധ ആരോഗ്യ പരിശോധനകളും നടത്താതിരുന്ന കെജ്‌രിവാൾ ജാമ്യം അവസാനിക്കാറായ സമയത്ത് പരിശോധന നടത്തണമെന്നും ഗുരുതരമായ രോഗമുണ്ടെന്നും പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന വിമർശനവും ശക്തമായിട്ടുണ്ട്.