ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡൽഹി ഫയർ സർവീസ് അറിയിച്ചു.
ഇന്ന് രാവിലെ 5.30 പുറപ്പെടേണ്ടിയിരുന്നതാണ് വിമാനം. രാവിലെ അഞ്ച് മണിയോടെയാണ് ഭീഷണി സന്ദേശം ഇമെയിലിലൂടെ ലഭിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയിരിക്കുകയാണെന്നും സുരക്ഷാ പരിശോധനകൾ പൂർത്തിയായതിന് ശേഷം റൺവേയിൽ എത്തിക്കുമെന്നും ഇൻഡിഗോ അറിയിച്ചു. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇതുവരെയും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.
15 ന് വഡോദരയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് ബോംബ് എന്ന് എഴുതിയ ടിഷ്യൂ കണ്ടെത്തിയിരുന്നു. ഈ ഭീഷണി സന്ദേശം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തെ കേന്ദ്രആഭ്യന്തര മന്ത്രാലയം, സ്‌കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് നേരെ ഭീഷണി ഉയർന്നിരുന്നു.