തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വിരുന്നിൽ പങ്കെടുത്ത മറ്റ് മൂന്ന് പൊലീസുകാരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
ഈ മാസം 31ന് വിരമിക്കാൻ ഇരിക്കെയാണ് സാബുവിനെതിരെ നടപടി. സേനയുടെ സൽപ്പേരിന് കളങ്കം വരുത്തി, അച്ചടക്കലംഘനം നടത്തി തുടങ്ങിയ കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നത്. പൊലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സാബുവിന്റേതെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങളെ സംരക്ഷിക്കേണ്ടവർ ഗുണ്ടകൾക്കൊപ്പമാണെന്ന ധാരണ പടർത്താൻ സംഭവം ഇടയാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
പുളിയനത്തെ ഫൈസലിന്റെ വീട്ടിൽ ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡിവൈഎസ്പിയും പൊലീസുകാരും കുടുങ്ങിയത്. ഗൂഡല്ലൂർ യാത്ര കഴിഞ്ഞ് മടങ്ങും വഴിയാണ് ഉദ്യോഗസ്ഥർ ഫൈസലിന്റെ വീട്ടിലെത്തിയത്. അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു.