തിരുവനന്തപുരം: കാരവാൻ ടൂറിസം പദ്ധതി കട്ടപ്പുറത്തല്ലെന്നും വളരെ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ടൂറിസം വകുപ്പ്. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സംരംഭത്തെ ഇകഴ്‌ത്തികാട്ടുന്നത് ശരിയല്ലെന്നും ടൂറിസം വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കാരവാൻ ടൂറിസത്തിന്റെ വാണിജ്യ പങ്കാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വകുപ്പ് സെക്രട്ടറി കെ. ബിജു പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം വളർച്ചയിൽ കാരവാൻ ടൂറിസം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ കാരവാൻ പാർക്ക് ഇടുക്കിയിലെ വാഗമണിൽ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം കാരവാൻ ടൂറിസത്തിന് സബ്സിഡികൾ നൽകാനായി 3.10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. കാസർകോട് ബേക്കൽ, കൊച്ചി ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ കാരവാൻ പാർക്ക് അനുവദിക്കുന്നതിനായി കെടിഡിസി നൽകിയ ശുപാർശയ്‌ക്ക് അംഗീകാരം നൽകിയെന്നും ടൂറിസം വകുപ്പ് പറയുന്നു.
എന്നാൽ ഇതിന് വിപരീതമായാണ് കാരവാൻ ടൂറിസത്തിനായി പണം നിക്ഷേപിച്ച സംരംഭകരിൽ മിക്കവരും പറയുന്നത്. കോടികളുടെ കടക്കെണിയിലാണ് നിക്ഷേപകരെന്ന വിവരമാണ് പുറത്തുവരുന്നത്. ടൂറിസം മേഖലയിൽ എന്തോ വലിയ മാറ്റം സംഭവിക്കാൻ പോകുന്നുവെന്ന തോന്നലുണ്ടാക്കി കഴിഞ്ഞ എട്ട് മാസമായി ജനങ്ങളെയും നിക്ഷേപകരെയും സർക്കാർ പറ്റിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
150 ഓളം പാർക്കുകൾക്ക് പ്രപ്പോസാലായെന്നാണ് വാദം. എന്നാൽ വെറും പത്ത് കാരവാൻ മാത്രമാണ് നിലവിലുള്ളതെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. തിരുവനന്തപുരത്തെ പൊൻമുടിയിൽ കെടിഡിസി കാരവാൻ പാർക്ക് ഒരുക്കുമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. ഇതിന്റെ വീഡിയോ പ്രചരണത്തിനായി ആദ്യ വർഷത്തിൽ ചെലവാക്കിയത് 90 ലക്ഷം രൂപയാണ്. രണ്ടാം ഘട്ട പരസ്യത്തിന് ഒരു കോടി ഏഴര ലക്ഷവും ചെലവായി. പിന്നാലെ പാതിവഴിയിൽ പദ്ധതി ഉപേക്ഷിക്കുയാണ് സർക്കാർ ചെയ്തത്. നിക്ഷേപകരുടെ പ്രതിഷേധം കടുക്കുന്നതിനിടയിലാണ് ടൂറിസം വകുപ്പിന്റെ ന്യായീകരണം.