മൊഹാലി: നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് കീഴിൽ രാജ്യം പുരോഗമിച്ചുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സൈന്യം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കരുത്തുറ്റ ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജുജാർ നഗറിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഭാഷ് ശർമ്മയെ വിജയിപ്പിച്ച് എൻഡിഎ സർക്കാരിന് ശക്തിപകരണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. ”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടകൾക്ക് ശക്തിപകരുന്നത് ജനങ്ങളാണ്. രാജ്യത്തെ തന്റെ കുടുംബത്തെ പോലെ സേവിക്കുന്ന അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ സർവ്വ മേഖലകളിലും പുരോഗതി കൈവരിച്ചു. ലോകം ഇന്ന് പല രീതിയിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതെന്നും” ധാമി പറയുന്നു.
ദേശീയതയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. എൻഡിഎ സർക്കാരിന് കീഴിൽ കരുത്താർജ്ജിച്ച സൈന്യത്തിന് ഭീകരർക്കും എതിരാളികൾക്കും എങ്ങനെ മറുപടി നൽകണമെന്ന് അറിയാമെന്നും ധാമി കൂട്ടിച്ചേർത്തു. എൻഡിഎ ഭരണത്തിന് മുമ്പ് എല്ലാ ദിവസവും അഴിമതി കഥകളാണ് രാജ്യത്തെ ജനങ്ങൾ കേട്ടിരുന്നത്. പ്രീണനരാഷ്‌ട്രീയമാണ് ഇൻഡി മുന്നണി രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കി ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നൽകാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടത്തുന്ന കാര്യത്തിൽ കോൺഗ്രസിനെ കടത്തിവെട്ടിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. പാർട്ടിയുടെ തലവൻ ജയിലിലായെന്നും ജനങ്ങളെ വഞ്ചിക്കാനാണ് എഎപിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും ധാമി കൂട്ടിച്ചേർത്തു. ഹരിയാനയിൽ കോൺഗ്രസ്- എഎപി സഖ്യം ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ പഞ്ചാബിൽ ഇക്കൂട്ടർ പരസ്പരം പോരടിക്കുകയാണ്. എഎപി ഭരണത്തിന് കീഴിൽ സംസ്ഥാനത്തിന്റെ വികസനം മുരടിച്ചെന്നും ധാമി ആരോപിച്ചു.