വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ കപ്പലായ ലാറെഗോ ഡെസേർട്ട് ലക്ഷ്യമിട്ടായിരുന്നു ആദ്യത്തെ ആക്രമണമെങ്കിൽ രണ്ടാമത് ഇസ്രായേൽ കപ്പലായ എംഎസ്‌സി മെച്ചെല ലക്ഷ്യം വച്ചായിരുന്നു. ചെങ്കടലിലാണ് മൂന്നാമത്തെ ആക്രമണം നടത്തിയത്. മിനർവ ലിസ എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. ഹൂതികൾ നടത്തുന്ന അൽ മസീറ ടിവിയിൽ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് വക്താവ് യഹിയ സരിയ ഇക്കാര്യം അറിയിച്ചത്.
ഒരു സംഘം ചെങ്കടലിലെ രണ്ട് യുഎസ് യുദ്ധക്കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയെന്നും വക്താവ് പറയുന്നു. ഇസ്രായേൽ-ഗാസ സംഘർഷം അവസാനിക്കും വരെ ആക്രമണം തുടരുമെന്ന മുന്നറിയിപ്പും സരിയ നൽകിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്ന് മൊസാംബിക്കിലെ ബെയ്‌റയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ലാറെഗോ ഡെസേർട്ട് ആക്രമിച്ചത്. ആക്രമണം നടന്ന മറ്റ് രണ്ട് കപ്പലുകളെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം മെഡിറ്ററേനിയൻ കടലിൽ ഇസ്രായേൽ കപ്പലായ എസ്സെക്‌സിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതി അവകാശപ്പെട്ടു. കഴിഞ്ഞ നവംബർ മുതൽ തുടർച്ചയായി ഹൂതി വിമതർ ആക്രമണം നടത്തുകയാണ്. ഇതിന് മറുപടിയായി യുഎസ്-ബ്രിട്ടീഷ് നാവിക സഖ്യം ജനുവരി മുതൽ യെമനിലെ ഹൂതി ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തിയിരുന്നു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഹമാസിന് പിന്തുണ അറിയിച്ചാണ് ഹൂതികൾ ചെങ്കടലിൽ ആക്രമണം നടത്തുന്നത്.