ന്യൂഡൽഹി : ഡിആർഡിഒ മേധാവി സമീർ വി കാമത്തിന്റെ ഔദ്യോഗിക കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. മെയ് 31 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നീട്ടിനൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് നിയമന സമിതിയുടേതാണ് തീരുമാനം.
2022 ഓഗസ്റ്റ് 26 നാണ് ഡിആർഡിഒ മേധാവിയായി കാമത്ത് ചുമതലയേറ്റത്. പുതിയ ഉത്തരവനുസരിച്ച് 2025 മെയ് 31 വരെ കാമത്ത് തുടരും. കഴിഞ്ഞ ദിവസം ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. ഈ മാസം 31-ന് വിരമിക്കാനിരിക്കേയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അത്യപൂർവ നടപടി. ജൂൺ 30 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി നീട്ടിയത്.
ഡിആർഡിഒയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഒമ്പതംഗ സമിതി നൽകിയ ശുപാർശകളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. മുൻ പ്രിൻസിപ്പിൽ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ നേതൃത്വം നൽകുന്ന സമിതിയാണ് ഡിആർഡിഒയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. ഇത് നടപ്പിലാക്കാനുളള ഡിആർഡിഒ ആഭ്യന്തര സമിതിയുടെ തലവൻ കാമത്ത് ആണ്. ഇത് കൂടി പരിഗണിച്ചാണ് കാമത്തിന്റെ ഔദ്യോഗിക കാലാവധി നീട്ടി നൽകിയത്.