മുംബൈ : ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയേയും ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച് 2020 മുതൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതി കോവിഡ് പകർച്ചവ്യാധി മൂലം തുടക്കത്തിൽ അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും കടലിനടിയിൽ തുരങ്കം നിർമ്മിക്കുന്നതിന്റെ നിർണായക ഘട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
നിലവിൽ നിർമ്മിച്ച ഇടനില തുരങ്കം (394 മീറ്റർ നീളമുള്ള ADIT) 6 മാസത്തിനുള്ളിലാണ് പൂർത്തിയാക്കിയത്. 21 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന തുരങ്കത്തിന്റെ നിർമ്മാണത്തിന് ഈ തുരങ്കം സഹായിക്കും. കടലിനടിയിലെ തുരങ്കത്തിന് 7 കിലോമീറ്റർ നീളമുണ്ട്. പദ്ധതിയുടെ ആകെ നീളം 508.18 കിലോമീറ്ററാണ്. അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയിലുള്ള യാത്രയിൽ 12 സ്റ്റേഷനുകളുണ്ടാകും.
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ നിന്നും ട്രെയിൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബികെസിയിലെ മെട്രോ ട്രെയിൻ സംവിധാനങ്ങളുമായി ഇത് ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവയുടെ നിർമ്മാണവും നടന്നു കൊണ്ടിരിക്കുകയാണ്. പദ്ധതി 2026-ൽ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഇത് ഗണ്യമായി കുറയ്‌ക്കും.