ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുലിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പാകിസ്താനിൽ നിന്ന് അഭിനന്ദനവും ആശംസയുമൊക്കെ എത്തുന്ന സംഭവം ഗൗരവമേറിയ വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് തീർച്ചയായും അന്വേഷിക്കേണ്ട വിഷയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
നമ്മളോട് വിരോധം പുലർത്തുന്നവർ എന്തിനാണ് ഇവിടെയുളള ചിലരെ മാത്രം ഇഷ്ടപ്പെടുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് പ്രധാനമന്ത്ര പറഞ്ഞു. എന്തുകൊണ്ടാണ് ചിലർക്ക് മാത്രം അവിടെ നിന്നും പിന്തുണ ലഭിക്കുന്നത്. സമഗ്രമായ അന്വേഷണം ആവശ്യമുളള വിഷയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
താൻ ഇരിക്കുന്ന സ്ഥാനത്ത് നിന്ന് ഇപ്പോൾ അതിന് മറുപടി പറയുന്നത് ഉചിതമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷെ നിങ്ങളുടെ ആശങ്ക എനിക്ക് മനസിലാകുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മറുപടി അവസാനിപ്പിച്ചത്.
പാകിസ്താൻ മുൻമന്ത്രി ചൗധരി ഫവാദ് ഹുസൈൻ ആണ് രാഹുലിനെയും കെജ് രിവാളിനെയും സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുണച്ച് രംഗത്തെത്തിയത്. നേരത്തെ രാഹുലിന്റെ പ്രസംഗങ്ങൾ ഉൾപ്പെടെ ഇയാൾ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ വോട്ടെടുപ്പിന് പിന്നാലെ കെജ് രിവാൾ പോസ്റ്റ് ചെയ്ത ചിത്രവും ഇയാൾ പങ്കുവെച്ചിരുന്നു.