ബെംഗളൂരു: ലൈംഗികാരോപണത്തിന് വിധേയനായി ജർമ്മനിയിൽ ഒളിവിൽ കഴിയുന്ന എംപി പ്രജ്വൽ രേവണ്ണ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും വരുന്ന 31ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്നും ഞാൻ നിയമത്തിൽ വിശ്വാസിക്കുന്നുവെന്നും എംപി അന്വേഷണ ഉദ്യോഗസ്ഥർക്ക് അയച്ച വീഡിയോയിൽ പറയുന്നു. യാത്ര മുൻകൂട്ടി നിശ്ചയിച്ചിരുന്നതായും, കുടുംബത്തിനും പാർട്ടിക്കും ബുദ്ധിമുട്ടുണ്ടാക്കിയതിൽ ക്ഷമചോദിക്കുന്നുവെന്നും പ്രജ്വൽ പറഞ്ഞു.
‘ താൻ വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. വിദേശത്തെവിടെയാണെന്ന് അറിയിക്കാത്തതിന് കുടുംബാംഗങ്ങളോടും കുമാരണ്ണയോടും (എച്ച് ഡി കുമാരസ്വാമി) പാർട്ടി പ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ 26 ന് തെരഞ്ഞെടുപ്പ് കഴിയുന്നവത് വരെ എന്റെ പേരിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. വിദേശത്ത് എത്തി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ നിയമിച്ചിട്ടില്ല. യൂട്യൂബിലൂടെയാണ് ഞാൻ ആരോപണങ്ങളെ കുറിച്ച് അറിയുന്നത്. എനിക്കെതിരെയുള്ള വ്യാജ പരാതികളാണിവ. ഞാൻ നിയമത്തിൽ വിശ്വാസിക്കുന്നുവെന്നും അഭിഭാഷകൻ മുമ്പാകെ അന്വേഷണ സംഘത്തിനോട് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നാതായും രേവണ്ണ പറഞ്ഞു.
രേവണ്ണയ്‌ക്ക് പാർട്ടി പ്രവർത്തകരോട് സ്‌നേഹമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് എച്ച്ഡി കുമാര സ്വാമി പ്രതികരിച്ചു. രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങി വരാനും അന്വേഷണവുമായി സഹകരിക്കാനും മുൻ മുഖ്യമന്ത്രി എച്ച്ഡി ദേവഗൗഡ അഭ്യർത്ഥിച്ചിരുന്നു. അഭ്യർത്ഥന പരിഗണിച്ചതിലും പാർട്ടിയെ ബഹുമാനിക്കുന്നതിലും സന്തോഷമുണ്ട്. അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.