തൃശൂർ : പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. ഹോട്ടൽ അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകി. സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നെത്തിയ സംഘമാണ് ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചത്. കയ്പമംഗലം പൊലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറി.
പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്തുള്ള സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ഭക്ഷ്യവിഷബാധയേറ്റവരിൽ അധികവും. പാഴ്സലായി ഭക്ഷണം വാങ്ങിയവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾക്ക് പിന്നാലെ ഹോട്ടൽ താത്കാലികമായി അടപ്പിച്ചിരിക്കുകയാണ്.