മുംബൈ : മുംബൈ നഗരത്തിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളവും താജ് ഹോട്ടലും തകർക്കുമെന്ന ഭീഷണി സന്ദേശമാണെത്തിയത്. മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് ഇന്ന് രാവിലെയാണ് സന്ദേശം എത്തിയതെന്ന് പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നും വിളിച്ചയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ചെന്നൈ വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇമെയിൽ മുഖേനയാണ് സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും വിമാനത്താവളത്തിൽ ഏറെനേരം പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഇമെയിൽ വ്യാജമാണെന്ന് തെളിയുകയായിരുന്നു.