ന്യൂഡൽഹി: കാലവർഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷം കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ശരാശരിയിലും 106% അധികം മഴയാകും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപത്ര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയായിരിക്കുമെന്നും കേരളത്തിനുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തും. 31ന് കാലവർഷമെത്തുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ജൂൺ മാസത്തിൽ മഴ കനക്കും. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കുമെന്നും മെയ് മാസത്തിൽ മഴ ലഭിച്ചത് കേരളത്തിന് ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് ഇന്ന് പ്രത്യേക അലർട്ടുകൾ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.