ന്യൂഡൽഹി: കാലിഫോർണിയയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്ത് (23.3%)ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണെന്ന് കണക്കുകൾ. കാലിഫോർണിയ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ (സിആർഡി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിൽ ഹിന്ദുഫോബിയ വർധിച്ചുവരുന്നതായി ഇന്ത്യൻ-അമേരിക്കൻ രാഷ്‌ട്രീയക്കാർ ഉയർത്തിക്കാട്ടുന്നതിനിടെയാണ് ഇത് സാധൂകരിക്കുന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.
2023 ൽ കാലിഫോർണിയയിലെ ഭരണകൂടം കാലിഫോർണിയ vs ഹേറ്റ് പ്രോഗ്രാം എന്ന പേരിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് ജനങ്ങൾക്ക് സുരക്ഷിതമായും വ്യക്തിത്വം വെളിപ്പെടുത്താതെയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ പോർട്ടൽ സൗകര്യം ഒരുക്കി നൽകിയിരുന്നു. ഇതുപ്രകാരം 1000 വിദ്വേഷ കുറ്റകൃത്യങ്ങളാണ് ആദ്യ വർഷം തന്നെ റിപ്പോർട് ചെയ്യപ്പെട്ടത്. ഇതിൽ കൂടുതലും ഹിന്ദുക്കൾക്കെതിരായുള്ളവയാണ്.
വിവേചനപരമായ പെരുമാറ്റം, വാക്കാലുള്ള കടന്നാക്രമണം,അപകീർത്തികരമായ പേരുകൾ ഉപയോഗിക്കുക, അധിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് കാലിഫോർണിയയിലെ ഹിന്ദുസമൂഹം നേരിടുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. താമസ സ്ഥലങ്ങൾ, ജോലിസ്ഥലങ്ങൾ, പൊതു സ്ഥാപനങ്ങൾ, എന്നിവിടങ്ങളിലാണ് കുറ്റകൃത്യങ്ങൾ കൂടുതലും നടക്കുന്നത്.
അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർദ്ധനവ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യം അവർക്കിടയിൽ ഭയാശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്. കാലിഫോർണിയയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിടാനുള്ള ശ്രമം, ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഭീഷണി, എന്നീ സംഭവങ്ങളിൽ നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടായ നിഷ്ക്രിയത്വവും വലിയ ചർച്ചകളിലേക്ക് നയിച്ചിരുന്നു.