മുംബൈ : പൂനെയിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടന്നതായി കണ്ടെത്തി പൊലീസ്. കോടീശ്വരപുത്രനായ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിതീർക്കാൻ രക്തസാമ്പിളിൽ കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പൂനെ സസൂൺ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറും ഫൊറൻസിക് വിഭാഗം മേധാവിയും അറസ്റ്റിലായതായി സിറ്റി പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ അറിയിച്ചു.
അലക്ഷ്യമായി വാഹനമോടിച്ച് രണ്ട് പേരെ കൊന്നതിന് പിന്നാലെ 17-കാരനെ ആശുപത്രിയെത്തിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതിയുടെ രക്തസാമ്പിളുകൾ എടുത്തു. പ്രതി മദ്യപിച്ച കാര്യം ശാസ്ത്രീയമായി തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തെളിവായിരുന്നു അത്. എന്നാൽ രണ്ട് ഡോക്ടർമാർ ചേർന്ന് പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലെറിഞ്ഞു. പകരം മറ്റൊരാളുടെ സാമ്പിൾ തൽസ്ഥാനത്ത് വച്ച് പ്രതി മദ്യപിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ചീഫ് മെഡിക്കൽ ഓഫീസർ ശ്രീഹരി ഹൽനോറും ഫൊറൻസിക് വിഭാഗം മേധാവി അജയ് തവാരെയും ചേർന്നായിരുന്നു കൃത്രിമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് ലഭിച്ചപ്പോൾ സംശയം തോന്നി മറ്റൊരു ആശുപത്രിയിൽ രക്തസാമ്പിളിന്റെ ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് കൃത്രിമം നടന്നതായി പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. രക്തസാമ്പിളിൽ കൃത്രിമം നടത്തുന്നതിന് പ്രതിയുടെ പിതാവ് ഡോക്ടർമാർക്ക് കൈക്കൂലി നൽകിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ ഡോക്ടർമാർക്കെതിരെ ക്രിമിനൽ ഗൂഢാലനോചന, തെളിവ് നശിപ്പിക്കൽ, കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടീശ്വര പുത്രനായ 17-കാരൻ ഓടിച്ച പോർഷെ കാറിടിച്ച് ടെക്കികളായ ദമ്പതിമാരായിരുന്നു കൊല്ലപ്പെട്ടത്. തുടർന്ന് കാറിന്റെ ഉടമയായ പിതാവിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പൂനെയിലെ കല്യാണി നഗറിലായിരുന്നു ദാരുണമായ സംഭവം നടന്നത്.