ന്യൂഡൽഹി: പാർലമെന്റ് നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന രാഹുലിനെതിരെ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുലിന്റെ വരവോടെ കോണഗ്രസിന്റെ രാഷ്‌ട്രീയ നിലവാരം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിൽ നിരാശയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റ് നടപടികളെ നിന്ദിക്കുന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റം. ആർട്ടിക്കിൾ 370 ആയാലും, സിഎഎ ആയാലും, അവർ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. എന്നീട്ടും അവർ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
രാഹുലിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം പാർട്ടിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാഹുൽ നേതൃസ്ഥാനത്ത് എത്തിയതിന് ശേഷമാണ് പാർട്ടിയുടെ രാഷ്‌ട്രീയ നിലവാരം ഇത്രയും താഴ്ന്നത്. കഴിഞ്ഞ 10 വർഷമായി പാർലമെന്റ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ കാരണങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്ക് പ്രധാനമന്ത്രി നൽകുന്ന മറുപടി തുടർച്ചയായി തടസ്സപ്പെടുത്തുന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യമാണ്. അതും അവർ ചെയ്തു. ഇത്തരം നടപടികൾ നരേന്ദ്രമോദിയോടുള്ള അനാദരവല്ലെന്നും, മറിച്ച് ഭരണഘടനാ സംവിധാനത്തോടുള്ള അനാദരവാണെന്നും അദ്ദേഹം വ്യക്തമാക്കി.