എറണാകുളം: മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി തള്ളണമെന്ന് ഇ.ഡി ഹൈക്കോടതിയിൽ. സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമാണെന്നും ഇ .സി .ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഇ.ഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
ഭാവിയിൽ വിചാരണ ഉണ്ടായേക്കാമെന്ന ഭയത്താലാണ് സമൻസിനെതിരെ ഹർജി നൽകിയിരിക്കുന്നതെന്നും ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് മൂലം ഒരു വ്യക്തിയും കുറ്റക്കാരനാകുന്നില്ലെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. സി.എം.ആർ.എൽ ഹർജി തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.
രാഷ്‌ട്രീയക്കാർക്ക് അടക്കം പണം നൽകിയെന്ന് സി.എം.ആർ.എൽ എം .ഡിയും, സി.എഫ്.ഒയും വെളിപ്പെടുത്തിയിട്ടുണ്ട്. വീണാ വിജയന്റെ എക്‌സലോജികിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം തെറ്റെന്നും ഇ.ഡി പറഞ്ഞു. 2019ൽ കമ്പനിയിൽ നടത്തിയ റെയ്ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. കമ്പനിയുടെ സുഗമമായ നടത്തിപ്പിനായിട്ടായിരുന്നു മാസപ്പടി നൽകിയതെന്ന് ആദായ നികുതി വകുപ്പിനു മുന്നിൽ സി.എം.ആർ എൽ എം.ഡി അടക്കം സമ്മതിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.