ഭുവനേശ്വർ: അവന് വെറും 21 മാസം പ്രായം! ആശുപത്രി കിടക്കയിൽ മസ്തിഷ്ക മരണം സംഭവിച്ച് കുഞ്ഞ് പ്രത്യുഷ് കിടന്നപ്പോഴും അവൻ രണ്ട് ജീവന് പുതുവെളിച്ചമേകിയാണ് യാത്രയായത്.
ഗൗരി ശങ്കർ പാനിഗ്രാഹിക്കും ശർമ്മിഷ്ഠ പാനിഗ്രാഹിക്കും 2022ലാണ് പ്രത്യുഷ് പാനിഗ്രാഹി ജനിച്ചത്. പിറന്നു വീണപ്പോൾ തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനെ വേട്ടയാടിയിരുന്നു. മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് പ്രത്യുഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡോക്ടർമാർക്ക് ആ കുഞ്ഞു ജീവൻ അധിക നാൾ പിടിച്ചു നിർത്താൻ സാധിച്ചില്ല. മസ്തിഷ്ക മരണം സംഭവിച്ചെന്ന് അവർ വിധിയെഴുതി. കുഞ്ഞിന്റെ വേർപാട് ഉണ്ടാക്കിയ ദുഃഖം മാതാപിതാക്കളിൽ ആഴത്തിൽ നിഴലിക്കുമ്പോഴും അവനിലൂടെ രണ്ട് ജീവൻ രക്ഷിച്ചതിന്റെ ആശ്വാസവും ഇന്ന് ഗൗരിക്കും ശർമിഷ്ഠയ്ക്കുമുണ്ട്.
കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷനിലേക്ക് വിവരം കൈമാറി. തുടർന്ന് കുട്ടിയുടെ കരൾ, ഹൃദയം, വൃക്ക എന്നീ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു. ന്യൂഡൽഹിയിലെ ആശുപത്രിയിൽ കരൾ തകരാറിലായി ഒരു കുഞ്ഞിന്റെ ശരീരവുമായി പ്രത്യുഷിന്റെ കരൾ പൊരുത്തപ്പെട്ടു. വൃക്ക മറ്റൊരാളിലും മാറ്റി വച്ചു. ഹൃദയം സ്വീകരിച്ചയാളിൽ ഇത് പൊരുത്തപ്പെടാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ സാധിച്ചില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
21 മാസം പ്രായമുള്ള കുഞ്ഞ്, അവയവ ദാതാവാകുന്നത് ഇതാദ്യമായാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിരവധി രോഗങ്ങൾ വേട്ടയാടി വേദന നിറഞ്ഞ ലോകത്തിൽ നിന്ന് പ്രത്യുഷ് വിട പറയുന്നത് രണ്ട് ജീവന് പുതു ലോകം സമ്മാനിച്ചാണെന്ന ആശ്വാസത്തിലാണ് മാതാപിതാക്കളും.